Saturday, August 9, 2008

ധ്യാനയോഗം 3

അര്‍ജുനന്‍ പറഞ്ഞു : കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാത്തവന്‍ യോഗലക്‌ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

ഹേ മഹാബാഹോ, ബ്രഹ്മമാര്‍ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗപരിശീലനം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ?

ഹേ കൃഷ്ണാ, എന്‍റെ ഈ സംശയത്തെ നിശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല.

ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ പാര്‍ത്ഥ, അവന് ഈ ലോകത്തില്‍ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവന്‍ ദുര്‍ഗതി പ്രാപിക്കുന്നില്ല.

യോഗപരിശീലനം ചെയ്തിട്ടും ഫലസിദ്ധി നെടാത്തവന്‍ പുണ്യവാന്‍മാരുടെ ലോകത്തില്‍ ച്ചെന്നു ദീര്‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തില്‍ ജനിക്കുന്നു.

അല്ലെങ്കില്‍ ബുദ്ധിമാന്‍മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.

കുരുവംശജനായ അര്‍ജുനാ, ആ ജന്മത്തില്‍ മുന്‍ജന്മത്തിലെ ആ ബുദ്ധിസംസ്കാരം ലഭിക്കുന്നു. വീണ്ടും അതുകൊണ്ട് ലകഷ്യസിദ്ധിക്ക് യത്നിക്കുകയും ചെയ്യുന്നു.

ആ പൂര്‍വജന്മാഭ്യാസത്താല്‍ തന്നെ ദുര്‍ബലചിത്തനാണെങ്കിലും അവന്‍ യോഗ സാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കുന്നുണ്ട്.

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം പല ജന്മം കൊണ്ടു സിദ്ധനായി പരമമായ ഗതിയെ പ്രാപിക്കുന്നു.

യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. ജ്ഞാനികളെക്കാള്‍ പോലും ശ്രേഷ്ഠനായി കരുതപ്പെടുന്നു; യോഗി കാമ്യകര്‍മങ്ങള്‍ അനുഷ്ടിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.

സകല യോഗികളിലും വച്ച് എന്നില്‍ ഉറച്ച മനസോടെ ശ്രദ്ധാപൂര്‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്‍റെ അഭിപ്രായത്തില്‍ അത്യന്തം ശ്രേഷ്ഠന്‍.



No comments: