Friday, August 22, 2008

അക്ഷരബ്രഹ്മയോഗം 2

ഹേ പാര്‍ത്ഥ ആ ഭൂത സമൂഹം തന്നെ പരാധീന ഭാവത്തില്‍ വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പ്രഭാതത്തില്‍ ഉദ്ഭവിക്കയും ചെയ്യുന്നു.

എന്നാല്‍ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്ത ഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാല്‍ തിരിച്ചു വരുന്നില്ലയോ അതാണ് എന്‍റെ പരമമായ സ്ഥാനം.

ഹേ പാര്‍ത്ഥ, യാതോരുവന്‍റെ ഉള്ളിലാണോ ഭൂതങ്ങള്‍, യാതോരുവനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ ആ പരമപുരുഷന്‍ അനന്യ ഭക്തിയാല്‍ ലഭ്യനാണ്.

ഭരതശ്രേഷ്ഠ, യോഗികള്‍ ഏത് കാലത്തു പുനര്‍ജന്മവും ഏത് കാലത്ത് പുനര്‍ജന്മമില്ലായ്കയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം.

അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണത്തിലെ ആറുമാസം ഇവയില്‍ ഇവയുടെ അധീശരായ ദേവതകള്‍ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിനായനത്തിലെ ആറുമാസം ഇവയില്‍ ഇവയുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചാന്ദ്രമസമായ ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയില്‍ വരുന്നു.

ജഗത്തില്‍ ഈ അഗ്നിധൂമമാര്‍ഗങ്ങള്‍ നിത്യങ്ങളായി ഗണിക്കപ്പെടുന്നു. ഒന്നില്‍ കൂടി പുനര്‍ജന്മമില്ലായമയെ പ്രാപിക്കുന്നു. മറ്റേത്തില്‍കൂടി വീണ്ടും തിരിച്ചുവരുന്നു.

ഹേ പാര്‍ത്ഥ, ഈ രണ്ടു മാര്‍ഗങ്ങളും അറിയുന്ന ഒരു യോഗി മോഹത്തിന്നധീനനാകുന്നില്ല. അര്‍ജുനാ അതുകൊണ്ട് എപ്പോഴും യോഗയുക്തനായിരിക്കുക.

ഈ തത്വങ്ങളെല്ലാം അറിഞ്ഞാല്‍ യോഗി വേദാധ്യായനത്തിലും യാഗത്തിലും തപസ്സിലും ദാനത്തിലും യാതൊരു പുണ്യഫലം ലഭിക്കുമോ അതിലധികം നേടുന്നു . ആദ്യവും പരമവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.































No comments: