ഗായത്രി മഹാമന്ത്രം
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി. സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു.ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്.
ഗായകനെ (പാടുന്നവനെ)രക്ഷിക്കുന്നതെന്തോ(ത്രാണനം ചെയ്യുന്നത്)അതു ഗായത്രി എന്നു പ്രമാണം.വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ് ഐതീഹ്യം.ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും,ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്.
ഗായത്രി മഹാമന്ത്രം
ഓം ഭൂര്‍ ഭുവ : സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്
മന്ത്രാര്‍ത്ഥം
യാതൊരു ദേവനാണോ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നത്,ആ സവിത്യ ദേവനെ സര്‍വോപാസ്യദയാര്‍ന്ന പരബ്രഹ്മാത്മകമായിരിക്കുന്ന തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു
ഋഗ്വേദം, യജുര്വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം.സര്വ ശ്രേയസുകള്ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്
ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര് - സ്വര്ഗം
തത് - ആ
സവിതുര് - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ
ഭര്ഗസ് - ഊര്ജപ്രവാഹം
ദേവസ്യ - ദൈവീകമായ
ധീമഹി - ഞങ്ങള് ധ്യാനിക്കുന്നു
ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ
സര്വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവീകമായ ഊര്ജപ്രവാഹത്തെ ഞങ്ങള് ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ
ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന, പ്രപഞത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാന് സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തില് അന്തര്ലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തില് മേളിക്കുന്നു.
ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നര്ഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില് ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.
ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്ഥമുണ്ട്.
സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂര്ണതയെ പ്രാപിക്കുന്നത് - സ്വര്ഗം.
തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അര്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യന് സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാര്ഥിക്കപ്പെടുവാന് യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അര്ഥം.
ഭര്ഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്
ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാല് ദേവന്റെ എന്നര്ഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്ഥം. അതിനാല് പ്രകാശസ്വരൂപന്റെ എന്ന അര്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി - ഇത് ചിന്താര്ഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങള് ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്ഥം.
ധിയ: - ഇത് ദ്വിതീയ ബഹുവചനമായാല് നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: - വൈദികപ്രയോഗമാകയാല് ഈ സംബന്ധ സര്വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്ഥം പറയാം. ഇവിടെ യ: ഭര്ഗപദത്തിന്റെ വിശേഷണമാണ്.
ന: - ഇത് ഷഷ്ഠി ബഹുവചനമാകയാല് ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നര്ഥം. പ്രേരണാര്ഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസര്ഗയോഗം കൊണ്ട് പ്രകര്ഷേണ പ്രേരിപ്പിക്കട്ടെ എന്നര്ഥം
ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.
Thursday, June 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment