Friday, August 22, 2008

അക്ഷരബ്രഹ്മയോഗം 2

ഹേ പാര്‍ത്ഥ ആ ഭൂത സമൂഹം തന്നെ പരാധീന ഭാവത്തില്‍ വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തില്‍ പ്രകൃതിയില്‍ ലയിക്കയും പ്രഭാതത്തില്‍ ഉദ്ഭവിക്കയും ചെയ്യുന്നു.

എന്നാല്‍ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്ത ഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാല്‍ തിരിച്ചു വരുന്നില്ലയോ അതാണ് എന്‍റെ പരമമായ സ്ഥാനം.

ഹേ പാര്‍ത്ഥ, യാതോരുവന്‍റെ ഉള്ളിലാണോ ഭൂതങ്ങള്‍, യാതോരുവനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ ആ പരമപുരുഷന്‍ അനന്യ ഭക്തിയാല്‍ ലഭ്യനാണ്.

ഭരതശ്രേഷ്ഠ, യോഗികള്‍ ഏത് കാലത്തു പുനര്‍ജന്മവും ഏത് കാലത്ത് പുനര്‍ജന്മമില്ലായ്കയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം.

അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണത്തിലെ ആറുമാസം ഇവയില്‍ ഇവയുടെ അധീശരായ ദേവതകള്‍ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിനായനത്തിലെ ആറുമാസം ഇവയില്‍ ഇവയുടെ ദേവതകള്‍ വഴി ഗമിക്കുന്ന യോഗി ചാന്ദ്രമസമായ ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയില്‍ വരുന്നു.

ജഗത്തില്‍ ഈ അഗ്നിധൂമമാര്‍ഗങ്ങള്‍ നിത്യങ്ങളായി ഗണിക്കപ്പെടുന്നു. ഒന്നില്‍ കൂടി പുനര്‍ജന്മമില്ലായമയെ പ്രാപിക്കുന്നു. മറ്റേത്തില്‍കൂടി വീണ്ടും തിരിച്ചുവരുന്നു.

ഹേ പാര്‍ത്ഥ, ഈ രണ്ടു മാര്‍ഗങ്ങളും അറിയുന്ന ഒരു യോഗി മോഹത്തിന്നധീനനാകുന്നില്ല. അര്‍ജുനാ അതുകൊണ്ട് എപ്പോഴും യോഗയുക്തനായിരിക്കുക.

ഈ തത്വങ്ങളെല്ലാം അറിഞ്ഞാല്‍ യോഗി വേദാധ്യായനത്തിലും യാഗത്തിലും തപസ്സിലും ദാനത്തിലും യാതൊരു പുണ്യഫലം ലഭിക്കുമോ അതിലധികം നേടുന്നു . ആദ്യവും പരമവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു.































Monday, August 18, 2008

അക്ഷരബ്രഹ്മയോഗം 1

അര്‍ജുനന്‍ പറഞ്ഞു : ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?

ഹേ മധുസൂദനാ, അധിയജ്ഞന്‍ ആര്? എങ്ങിനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്തന്‍മാരാല്‍ എങ്ങിനെയങ്ങ് ജ്ഞേയനായി ഭവിക്കുന്നു?

ശ്രീ ഭാഗവാന്‍ പറഞ്ഞു : ബ്രഹ്മം പരമമായ അക്ഷരമാകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. ഭൂതങ്ങളെ ഉളവാക്കുന്ന വിശിഷ്ടസൃഷ്ടിവ്യാപാരമാകുന്നു കര്‍മമെന്നറിയപ്പെടുന്നത്.

ദേഹധാരികളില്‍വച്ച് ശ്രേഷ്ഠ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജ്ഞന്‍.

മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു ആര് പോകുന്നുവോ അവന്‍ എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.

ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു.

അതുകൊണ്ടു ഏത് കാലത്തും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നെ തന്നെ നിസംശയമായും പ്രാപിക്കും.

ഹേ പാര്‍ത്ഥ നിരന്തര അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ ചിന്തയോട് കൂടിയതുമായ മനസോടുകൂടി ധ്യാനിക്കുന്നവന്‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.

ഏതൊരുവന്‍ അഭിജ്ഞനും പണ്ടേയുള്ളവനും ജഗന്നിയന്താവും അണുക്കളേക്കാളും സൂക്ഷ്മരൂപനും എല്ലാത്തിന്‍റെയും താങ്ങും മനസുകൊണ്ട്ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോട് കൂടിയവനും അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ മരണസമയത്ത് ഇളക്കാമറ്റ മനസോടെ ഭക്ത്തിയോടും യോഗബലത്തോടും കൂടി ഭൂമധ്യത്തില്‍ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുമോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.

യാതൊന്നിനെ വേദജ്ഞാര്‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യാതികള്‍ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷേപിച്ചു ഞാന്‍ പറഞ്ഞു തരാം.

എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോദിച്ച് മനസിനെ ഉള്ളിലൊതുക്കി തന്‍റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ടയെ പ്രാപിച്ച് 'ഓം' എന്ന എകാക്ഷര മന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് ആര് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.

ഹേ പാര്‍ത്ഥ, എന്നില്‍ തന്നെ മനസുറപ്പിച്ച് മറ്റൊന്നുമോര്‍ക്കാതെ എപ്പോഴും എന്നും ആര് എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാന്‍ സുലഭനാണ്.

എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കള്‍ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്‍മത്തെ പിന്നെ പ്രാപിക്കുന്നില്ല.

ഹേ അര്‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങള്‍ വീണ്ടും ജനിക്കാനിടനല്‍കുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്‍ജന്‍മം സംഭവിക്കുകയില്ല.

ബ്രഹ്മാവിന്‍റെ പകല്‍ ആയിരം യുഗത്തോളമുള്ളതാണെന്നും രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവര്‍ ആഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.

അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ബ്രഹ്മാവിന്‍റെ പകല്‍ തുടങ്ങുമ്പോള്‍ ഉദ്ഭവിക്കുന്നു. ആ മൂല പ്രകൃതിയില്‍ തന്നെ ബ്രഹ്മാവിന്‍റെ രാത്രിയുടെ ആരംഭത്തില്‍ ലയിച്ചുചേരുകയും ചെയ്യുന്നു.

Saturday, August 16, 2008

ജ്ഞാനവിജ്ഞാനയോഗം 2

വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു . എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്.

അതാതു കാമങ്ങളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോട്കൂടിയവര്‍ അതാതു നിയമങ്ങള്‍ അനുഷ്ടിച്ചു തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അന്യ ദേവതകളെ ഭജിക്കുന്നു.

ആരാര് ഏതേതു ദേവതാ സ്വരൂപത്തെ ഭക്തനായി ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവര്‍ക്കെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ നല്‍കുന്നു.

അവന്‍ ആ ശ്രദ്ധയോടെ ആ ദേവന്‍റെ ആരാധന നടത്തുന്നു. അതില്‍നിന്നു ഞാന്‍ തന്നെ നല്കുന്ന അതാതു കാമങ്ങള്‍ ആര്‍ജിക്കുകയും ചെയ്യുന്നു.

എന്നാല്‍ അല്‍പ്പബുദ്ധികളായ അവര്‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവാരാധകര്‍ ദേവന്‍മാരെ പ്രാപിക്കുന്നു. എന്‍റെ ഭക്തന്‍മാര്‍ എന്നെയും പ്രാപിക്കുന്നു.

എന്‍റെ അവ്യയവും അനുത്തമവും തമോഗുണസ്പര്‍ശമില്ലാത്തതുമായ സര്‍വാതീതഭാവത്തെ അറിയാതെ അവ്യക്തമായ എന്നെ വ്യക്തിത്വം പ്രാപിച്ചവനെന്നു ബുദ്ധിഹീനര്‍ വിചാരിക്കുന്നു.

യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഡമായ ലോകം എന്നെ ജന്മ രഹിതനും നാശമറ്റവനുമായി ധരിക്കുന്നില്ല.

ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ഭൂതങ്ങളെ ഞാനറിയുന്നു. എന്നാല്‍ ഒരുത്തരും എന്നെയാകട്ടെ അറിയുന്നില്ല.

ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇഛ, ദ്വേഷം എന്നിവയില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താല്‍ സര്‍വഭൂതങ്ങളും സൃഷ്ടിഗതിയില്‍ മോഹം പ്രാപിക്കുന്നു.

എന്നാല്‍ പുണ്യചരിതന്‍മാരും പാപം നിശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.

യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അധ്യാത്മവിദ്യയേയും അഖിലകര്‍മത്തെയും അറിയുന്നു.

അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവര്‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.

Wednesday, August 13, 2008

ജ്ഞാനവിജ്ഞാനയോഗം 1

ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസംശയമായും പൂര്‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.

യാതോന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ട മറ്റോന്നും ഈ ലോകത്തില്‍ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാന്‍ പൂര്‍ണമായി നിനക്കിതാ ഉപദേശിക്കാന്‍ പോകുന്നു.

അനേകായിരം മനുഷ്യരില്‍ ഒരാളേ സിദ്ധിക്കായി ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആയിരത്തിലൊരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്‍റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.

മഹാബാഹോ, ഇപ്പറഞ്ഞത്‌ അപരാപ്രകൃതിയാണ്. എന്നാല്‍ ഇതില്‍നിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്‍റെ പരാ പ്രകൃതിയെയും നീ അറിയുക.

എല്ലാ ഭൂതങ്ങളും ഇവയില്‍നിന്നുന്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങിനെ ഞാന്‍ ലോകത്തിന്‍റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.

ഹേ ധനഞജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ മണികളെന്നപോലെ എന്നില്‍ കൊര്‍ക്കപ്പെട്ടിരിക്കുന്നു.

ഹേ കൌന്തെയാ, ഞാന്‍ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യന്‍മാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളില്‍ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പുരുഷവുമാകുന്നു.

ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസും ഞാന്‍ തന്നെ ആകുന്നു.

ഹേ പാര്‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും നാശമറ്റ ബീജമായി എന്നെ അറിയുക. ബുദ്ധിമാന്‍മാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസും ഞാനാകുന്നു.

ഹേ ഭാരതശ്രേഷ്ഠ, ബലവാന്‍മാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളില്‍ ധര്‍മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ.

ഏതൊക്കെയാണോ സാത്വികഭാവങ്ങള്‍ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങള്‍ അവയെ എന്നില്‍നിന്ന് ഉദ്ഭവിച്ചവ തന്നെയെന്നറിയുക. ഞാന്‍ അവയിലല്ല എന്നാല്‍ അവ എന്നിലാണ്.

ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.

എന്തുകൊണ്ടെന്നാല്‍ അമാനുഷികവും ത്രിഗുണങ്ങള്‍ ചേര്‍ന്നതും ആയ എന്‍റെ ഈ മായ കടക്കാന്‍ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവര്‍ ഈ മായയെ തരണം ചെയ്യുന്നു.

പാപികളും മൂഡന്‍മാരുമായ മനുഷ്യാധമന്‍മാര്‍ മായയാല്‍ ജ്ഞാനം നശിച്ചവരും അസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.

ഹേ ഭരതശ്രേഷ്ഠനായ അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്‍മാര്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തനും ജ്ഞാനമാഗ്രഹിക്കുന്നവനും കാര്യലാഭം വേണ്ടവനും ജ്ഞാനം നേടിക്കഴിഞ്ഞവനും.

ആ നാലുതരം ഭക്തന്‍മാരില്‍ എപ്പോഴും യോഗനിഷ്ടനും ഭക്തിക്കൊഴിച്ച് മറ്റൊന്നിനും മനസ്സില്‍ സ്ഥാനമില്ലാത്തവനുമായ ജ്ഞാനിയാണ്‌ വിശിഷ്ട്ടനായിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ജ്ഞാനികള്‍ക്കു ഞാന്‍ അത്യധികം പ്രിയനാണ്. അവന്‍ എനിക്കും പ്രിയനാണ്.

അവരെല്ലാവരും ഉദാരന്‍മാര്‍ തന്നെയാണ്. എന്നാല്‍ ജ്ഞാനി ആത്മസ്വരൂപന്‍ തന്നെ എന്നാണു എന്‍റെ അഭിപ്രായം. എന്തുകൊണ്ടെനാല്‍ യോഗനിഷ്ഠനായ അവന്‍ അതിശ്രേഷ്ഠമായ പ്രാപ്യസ്ഥാനമാകുന്ന എന്നെ തന്നെ ആശ്രയിച്ചവാനാണ്.






















Saturday, August 9, 2008

ധ്യാനയോഗം 3

അര്‍ജുനന്‍ പറഞ്ഞു : കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തില്‍ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാത്തവന്‍ യോഗലക്‌ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

ഹേ മഹാബാഹോ, ബ്രഹ്മമാര്‍ഗത്തില്‍ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാര്‍ഗം, യോഗപരിശീലനം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവന്‍ നശിക്കുകയില്ലേ?

ഹേ കൃഷ്ണാ, എന്‍റെ ഈ സംശയത്തെ നിശേഷം അങ്ങു തീര്‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാന്‍ അങ്ങല്ലാതെ മറ്റൊരാള്‍ യോഗ്യനായില്ല.

ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ പാര്‍ത്ഥ, അവന് ഈ ലോകത്തില്‍ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവന്‍ ദുര്‍ഗതി പ്രാപിക്കുന്നില്ല.

യോഗപരിശീലനം ചെയ്തിട്ടും ഫലസിദ്ധി നെടാത്തവന്‍ പുണ്യവാന്‍മാരുടെ ലോകത്തില്‍ ച്ചെന്നു ദീര്‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തില്‍ ജനിക്കുന്നു.

അല്ലെങ്കില്‍ ബുദ്ധിമാന്‍മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.

കുരുവംശജനായ അര്‍ജുനാ, ആ ജന്മത്തില്‍ മുന്‍ജന്മത്തിലെ ആ ബുദ്ധിസംസ്കാരം ലഭിക്കുന്നു. വീണ്ടും അതുകൊണ്ട് ലകഷ്യസിദ്ധിക്ക് യത്നിക്കുകയും ചെയ്യുന്നു.

ആ പൂര്‍വജന്മാഭ്യാസത്താല്‍ തന്നെ ദുര്‍ബലചിത്തനാണെങ്കിലും അവന്‍ യോഗ സാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കുന്നുണ്ട്.

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം പല ജന്മം കൊണ്ടു സിദ്ധനായി പരമമായ ഗതിയെ പ്രാപിക്കുന്നു.

യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്. ജ്ഞാനികളെക്കാള്‍ പോലും ശ്രേഷ്ഠനായി കരുതപ്പെടുന്നു; യോഗി കാമ്യകര്‍മങ്ങള്‍ അനുഷ്ടിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അര്‍ജുനാ, നീ യോഗിയായിത്തീരുക.

സകല യോഗികളിലും വച്ച് എന്നില്‍ ഉറച്ച മനസോടെ ശ്രദ്ധാപൂര്‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്‍റെ അഭിപ്രായത്തില്‍ അത്യന്തം ശ്രേഷ്ഠന്‍.



Friday, August 8, 2008

ധ്യാനയോഗം 2

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്‍റെ നിശ്ചലാവസ്തയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ് യോഗ പരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ള്ന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖം ഏതൊന്നോ, അതിനെ അറിയുന്നുവോ, ഏതവസ്തയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍നിന്നും വിചലിക്കുന്നില്ലയൊ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായി വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നില്ലയോ അത് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസോടെ സ്ഥിരനിശ്ചയത്തോട്കൂടി ആ യോഗം അഭ്യസിക്കണം.

സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ദൃടനിഷ്ടമായ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ് ആത്മചിന്തയിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

ചഞ്ചലവും അസ്ഥിരവുമായ മനസ് എങ്ങോട്ടെങ്ങോട്ട്‌ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ തന്നെ ഉറപ്പിക്കണം.

എന്തുകൊണ്ടെന്നാല്‍ ഇളക്കമറ്റ മനസോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗിയെ ഉത്തമമായ സുഖം വരിക്കുന്നു.

ഇപ്രകാരം എപ്പോഴും തന്നെ യോഗ പരിശീലനത്തില്‍ ഏര്‍പ്പെടുത്തുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

യോഗത്തില്‍ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായവന്‍ തന്നെ എല്ലാ ഭൂതങ്ങളിലും, എല്ലാ ഭൂതങ്ങളെ തന്നിലും ദര്‍ശിക്കുന്നു.

യാതോരുത്തന്‍ എങ്ങും കാണുന്നുവോ എല്ലാം എന്നിലും കാണുന്നുവോ അവന് ഞാന്‍ നശിക്കുന്നില്ല. അവനെനിക്കും നശിക്കുന്നില്ല.

ഏതൊരുവന്‍ ഏകത്വബോധം നേടി എല്ലാ ഭൂതങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നു എങ്ങിനെയെല്ലാം ഇരുന്നാലും ആ യോഗി എന്നില്‍തന്നെ വര്‍ത്തിക്കുന്നു.

ഹേ അര്‍ജുനാ, തന്‍റെതിനോപ്പം എല്ലാവരിലും സുഖമായാലും ദുഖമായാലും സമമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനെന്നു നിശ്ചയം.

അര്‍ജുനന്‍ പറഞ്ഞു : ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് ഈ പറഞ്ഞത് മനസിന്‍റെ ചഞ്ചലത്വം നിമിത്തം അതിന് സുസ്ഥിരമായ നിലനില്‍പ്പ്‌ ഞാന്‍ കാണുന്നില്ല.

എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ് ചഞ്ചലവും ക്ഷോഭകാരിയും നിയന്ത്രണത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്‍റെ നിയന്ത്രണം വായുവിന്‍റെതെന്നപോലെ ദുഷ്ക്കരമായി ഞാന്‍ വിചാരിക്കുന്നു.

ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ മഹാബാഹോ, നിസംശയമായും മനസ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

വൈരാഗ്യം കൊണ്ടു മനസിനെ നിയന്ത്രിക്കാത്തവന് യോഗ സിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്‍റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിത ചിത്തന് ശരിയായ ഉപായമനുസരിച്ച് യാത്നിച്ചാല്‍ യോഗപ്രാപ്തി ലഭ്ക്കാന്‍ സാധ്യവുമാണ്‌.


Tuesday, August 5, 2008

ധ്യാനയോഗം 1

ശ്രീ ഭഗവാന്‍ പറഞ്ഞു : കര്‍മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മം ആര് ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ നിരഗ്നിയോ നിഷ്ക്രിയനോ അല്ല.

ഹേ പാണ്‍ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

യോഗത്തെ ആരോഹണം ചെയ്യാനഭിലഷിക്കുന്ന മുനിക്ക്‌ കര്‍മം മാര്‍ഗമെന്നു പറയപ്പെടുന്നു. യോഗ സിദ്ധി നേടിയ അവന് ശാന്തി കാരണമെന്നും പറയപ്പെടുന്നു.

എപ്പോള്‍ വിഷയങ്ങളിലും കര്‍മങ്ങളിലും തല്‍പരനല്ലാതാകുന്നുവോ അപ്പോള്‍ എല്ലാ മനോവ്യാപാരവും ത്യജിച്ചു യോഗാരൂടനെന്നു പറയപ്പെടുന്നു.

തന്നെ സ്വയം ഉദ്ധരിക്കുക, തന്നെ തളര്‍ത്തരുത്, താന്‍ തന്നെയാണ് തന്‍റെ ബന്ധു. താന്‍ തന്നെയാണ് തന്‍റെ ശത്രുവും.

ആര് സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്‍റെ ബന്ധുവാണ്. തന്‍റെ മേല്‍ നിയന്ത്രണമില്ലാത്തവന് താന്‍ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു.

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാനങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയിരിക്കുന്നു.

അധ്യാത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.

സുഹൃത്തുക്കള്‍, മിത്രങ്ങള്‍, ശത്രുക്കള്‍ , ഉദാസീനന്‍മാര്‍, വെറുക്കപ്പെടെണ്ടവര്‍, ബന്ധുക്കള്‍ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവന്‍ വിശിഷ്ടനാകുന്നു.

യോഗി വിജനതയില്‍ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരില്‍നിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സര്‍വദാ ആത്മാവിനെ യോജിപ്പിക്കണം.

ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്‍റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്‍റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ് എകാഗ്രമാക്കി മനസിന്‍റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്‍റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനശാന്തിയോടെ നിര്‍ഭയനായി ദൃഡമായ ബ്രഹ്മചാരി വൃതത്തോടുകൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

ഇപ്രകാരം യോഗി സര്‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനില്‍ താദാത്മ്യഭാവന ചെയ്ത് എന്നില്‍ പ്രതിഷ്ടിതവും പരമനിര്‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

ഹേ അര്‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും യോഗമില്ല. ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും മിതമായ അളവില്‍ നിര്‍വഹിക്കുന്നവനും യോഗം ദുഃഖനാശകമായിത്തീരുന്നു.

എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവോ അപ്പോള്‍ അവന്‍ യുക്തനെന്നു പറയപ്പെടുന്നു.




Monday, August 4, 2008

സന്യാസയോഗം 2

ആരുടെ മനസാണോ സമഭാവനയില്‍ പ്രതിഷ്ടിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അത്കൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.

സ്ഥിരബുദ്ധിയും മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞ്നും ബ്രഹ്മരൂപനുമാണ്. അവന്‍ പ്രിയം നേടി സന്തോഷിക്കുന്നില്ല. അപ്രിയം വന്നുചേര്‍ന്നു ദുഖിക്കുന്നുമില്ല.

ബാഹ്യവിഷയങ്ങളില്‍ അനാസക്തനായവന്‍, ആത്മാവില്‍ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തില്‍ യോഗയുക്താത്മാവായിട്ടുള്ള അവന്‍ എന്നും അനുഭവിക്കുന്നു.

ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. ആദിയും അന്തവും ഉള്ളവയുമാണ്‌. വിദ്വാന്‍ ആവയില്‍ രമിക്കുന്നില്ല.

ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ്‌ കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാന്‍ കഴിവ് നേടുന്നത് അവന്‍ യോഗയുക്തനാണ്. ആ മനുഷ്യന്‍ സുഖമനുഭവിക്കുന്നവനുമാകുന്നു.

ആര് ഉള്ളില്‍ സുഖംകണ്ടെത്തുന്നു. ഉള്ളില്‍ രമിക്കയും ചെയ്യുന്നു അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുന്നു. ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.

കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സര്‍വഭൂതങ്ങളുടെയും ക്ഷേമത്തില്‍ തല്‍പരരുമായ ഋഷിമാര്‍ ബ്രഹ്മാനന്ദം നേടുന്നു.

ആത്മജ്ഞരും, കാമക്രോധങ്ങലില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികളുടെ ചുറ്റും ബ്രഹ്മാനന്ദം വിലസുന്നു.

ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളില്‍ സഞ്ചരിക്കുന്ന പ്രാണന്‍റെയും അപാനന്‍റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇഛ, ഭയം ,ക്രോധം ഇവ വെടിഞ്ഞ് മോക്ഷയ്ക തല്‍പരനായിരിക്കുന്ന മുനി ആരാണോ അവനെപ്പോഴും മുക്തനായി ഭവിക്കുന്നു.

യജ്ഞത്തിന്‍റെയും തപസിന്‍റെയും ഭോക്താവും, ലോകത്തിന്‍റെയെല്ലാം ആദിനാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ മനസിലാക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു.

Friday, August 1, 2008

സന്യാസയോഗം 1

അര്‍ജുനന്‍ പറഞ്ഞു : അല്ലയോ കൃഷ്ണാ, സന്യാസവും പിന്നെ കര്‍മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണോ ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.

ശ്രീ ഭഗവാന്‍ പറഞ്ഞു : സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ കര്‍മസന്യാസത്തെ അപേക്ഷിച്ച് കര്‍മ യോഗമാണ് വിശിഷ്ടം.

മഹാബാഹോ, ഏതൊരുവന്‍ ദ്വേഷിക്കുന്നില്ല കാംക്ഷിക്കുന്നുമില്ല അവന്‍ നിത്യസന്യാസി എന്നറിയുക. എന്ത്കൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്പ്രയാസം മുക്തനാകുന്നു.

സംഖ്യവും യോഗവും വെവ്വേറെയായി ബാലിശന്മാര്‍ പറയുന്നു. പണ്‍ഡിതന്‍മാര്‍ പറയുന്നില്ല. ഒന്നെങ്കിലും വേന്ടവിധം അനുഷ്ടിക്കുന്ന പക്ഷം രണ്ടിന്‍റെയും ഫലം ലഭിക്കും.

ഏത് സ്ഥാനം സംഖ്യന്മാര്‍ നേടുമോ അത് യോഗികളും നേടും. സംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ കാണുന്നവന്‍.

ഹേ മഹാബാഹോ : എന്നാല്‍ സന്യാസം യോഗം കൂടാതെ പ്രാപിക്കാന്‍ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.

യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ കര്‍മം ചെയ്യുന്നെങ്കിലും ബന്ധനായിത്തീരുന്നില്ല.

യോഗയുക്തനായ തത്വജ്ഞന്‍ ദര്‍ശിക്കുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, തിന്നുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, ചിലക്കുക, വിസര്‍ജിക്കുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ സ്ഥിതിചെയ്യുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് മനനം ചെയ്യുന്നു.

ആര് ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് കര്‍മം അനുഷ്ടിക്കുന്നുവോ അവന്‍ വെള്ളം കൊണ്ടു താമരയില എന്നപോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.

ശരീരംകൊണ്ടും മനസ്കൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസംഗരായി കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.

യോഗയുക്തന്‍ കര്‍മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവന്‍ കാമം മൂലം ഫലത്തില്‍ ആസക്തനായി ബന്ധനായിത്തീരുനു.

സര്‍വ കര്‍മങ്ങളും മനസ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവര്‍ത്തിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള ശരീരത്തില്‍ സുഖമായി വസിക്കുന്നു.

ഈശ്വരന്‍ ലോകത്തിനു കര്‍തൃത്വം സൃഷ്ടിക്കുന്നില്ല. കര്‍മങ്ങളുമില്ല കര്‍മഫലബന്ധങ്ങലുമില്ല. എന്നാല്‍ സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.

ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ട്പോകുന്നു.

എന്നാല്‍ ആര്‍ക്കു ജ്ഞാനത്താല്‍ ആത്മാവിന്‍റെ ആ ജ്ഞാനം നശിച്ചിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ എന്നപോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.

ബ്രഹ്മത്തില്‍ മനസൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരുമായവര്‍ ജ്ഞാനത്താല്‍ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.

വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, പട്ടിയിലും, ചണ്‍ഡാലനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.






















ജ്ഞാനയോഗം 3

അര്‍ജുനാ, എങ്ങിനെ കത്തിയെരിയുന്ന അഗ്നി, വിറകു ഭസ്മമാക്കുമോ അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മങ്ങളെയും നശിപ്പിക്കും.

ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും അറിയപ്പെടുന്നില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന്‍ കാലക്രമത്തില്‍ തനിയെ ആത്മാവില്‍ വിളങ്ങുന്നതാണ്.

ജ്ഞാനത്തില്‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആള്‍ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാല്‍ പരമമായ ശാന്തി പ്രാപിക്കാനും കഴിയും.

ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകമില്ല പരലോകവുമില്ല സുഖവുമില്ല.

ധനഞജയാ, യോഗത്താല്‍ കര്‍മബന്ധഫലങ്ങള്‍ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങള്‍ നിശേഷം തീര്‍ന്നവനും ആത്മനിഷ്ഠനുമായവനെ കര്‍മങ്ങള്‍ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.

ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്‍റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ ആശ്രയിക്കുക, ഏഴുന്നെല്‍ക്കുക.