Tuesday, August 5, 2008

ധ്യാനയോഗം 1

ശ്രീ ഭഗവാന്‍ പറഞ്ഞു : കര്‍മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യമായ കര്‍മം ആര് ചെയ്യുന്നുവോ അവന്‍ സന്യാസിയും യോഗിയുമാണ്. അല്ലാതെ നിരഗ്നിയോ നിഷ്ക്രിയനോ അല്ല.

ഹേ പാണ്‍ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

യോഗത്തെ ആരോഹണം ചെയ്യാനഭിലഷിക്കുന്ന മുനിക്ക്‌ കര്‍മം മാര്‍ഗമെന്നു പറയപ്പെടുന്നു. യോഗ സിദ്ധി നേടിയ അവന് ശാന്തി കാരണമെന്നും പറയപ്പെടുന്നു.

എപ്പോള്‍ വിഷയങ്ങളിലും കര്‍മങ്ങളിലും തല്‍പരനല്ലാതാകുന്നുവോ അപ്പോള്‍ എല്ലാ മനോവ്യാപാരവും ത്യജിച്ചു യോഗാരൂടനെന്നു പറയപ്പെടുന്നു.

തന്നെ സ്വയം ഉദ്ധരിക്കുക, തന്നെ തളര്‍ത്തരുത്, താന്‍ തന്നെയാണ് തന്‍റെ ബന്ധു. താന്‍ തന്നെയാണ് തന്‍റെ ശത്രുവും.

ആര് സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താന്‍ തന്നെ തന്‍റെ ബന്ധുവാണ്. തന്‍റെ മേല്‍ നിയന്ത്രണമില്ലാത്തവന് താന്‍ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തില്‍ വര്‍ത്തിക്കുന്നു.

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാനങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയിരിക്കുന്നു.

അധ്യാത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിര്‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തന്‍ എന്ന് പറയപ്പെടുന്നു.

സുഹൃത്തുക്കള്‍, മിത്രങ്ങള്‍, ശത്രുക്കള്‍ , ഉദാസീനന്‍മാര്‍, വെറുക്കപ്പെടെണ്ടവര്‍, ബന്ധുക്കള്‍ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവന്‍ വിശിഷ്ടനാകുന്നു.

യോഗി വിജനതയില്‍ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരില്‍നിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സര്‍വദാ ആത്മാവിനെ യോജിപ്പിക്കണം.

ശുചിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്‍റെ തോല്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്‍റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ് എകാഗ്രമാക്കി മനസിന്‍റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്‍റെ നാസികാഗ്രത്തില്‍ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനശാന്തിയോടെ നിര്‍ഭയനായി ദൃഡമായ ബ്രഹ്മചാരി വൃതത്തോടുകൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നില്‍തന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

ഇപ്രകാരം യോഗി സര്‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനില്‍ താദാത്മ്യഭാവന ചെയ്ത് എന്നില്‍ പ്രതിഷ്ടിതവും പരമനിര്‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

ഹേ അര്‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും യോഗമില്ല. ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

വേണ്ടയളവില്‍ മിതമായി ആഹാരവും വിഹാരവും നിര്‍വഹിക്കുന്നവനും പ്രവൃത്തികളില്‍ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണര്‍ന്നിരിക്കലും മിതമായ അളവില്‍ നിര്‍വഹിക്കുന്നവനും യോഗം ദുഃഖനാശകമായിത്തീരുന്നു.

എപ്പോള്‍ സ്ഥിരമായിത്തീര്‍ന്ന ചിത്തം സര്‍വകാമങ്ങളില്‍ നിന്നും അകന്ന് ആത്മാവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവോ അപ്പോള്‍ അവന്‍ യുക്തനെന്നു പറയപ്പെടുന്നു.




No comments: