അര്‍ജുനന്‍ പറഞ്ഞു : ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?
ഹേ മധുസൂദനാ, അധിയജ്ഞന്‍ ആര്? എങ്ങിനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്തന്‍മാരാല്‍ എങ്ങിനെയങ്ങ് ജ്ഞേയനായി ഭവിക്കുന്നു?
ശ്രീ ഭാഗവാന്‍ പറഞ്ഞു : ബ്രഹ്മം പരമമായ അക്ഷരമാകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. ഭൂതങ്ങളെ ഉളവാക്കുന്ന വിശിഷ്ടസൃഷ്ടിവ്യാപാരമാകുന്നു കര്‍മമെന്നറിയപ്പെടുന്നത്.
ദേഹധാരികളില്‍വച്ച് ശ്രേഷ്ഠ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജ്ഞന്‍.
മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു ആര് പോകുന്നുവോ അവന്‍ എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.
ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവില്‍ ശരീരം വിടുന്നുവോ എപ്പോഴും തന്‍മയഭാവമാര്‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു.
അതുകൊണ്ടു ഏത് കാലത്തും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നെ തന്നെ നിസംശയമായും പ്രാപിക്കും.
ഹേ പാര്‍ത്ഥ നിരന്തര അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ ചിന്തയോട് കൂടിയതുമായ മനസോടുകൂടി ധ്യാനിക്കുന്നവന്‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.
ഏതൊരുവന്‍ അഭിജ്ഞനും പണ്ടേയുള്ളവനും ജഗന്നിയന്താവും അണുക്കളേക്കാളും സൂക്ഷ്മരൂപനും എല്ലാത്തിന്‍റെയും താങ്ങും മനസുകൊണ്ട്ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോട് കൂടിയവനും അജ്ഞാനാന്തകാരത്തില്‍നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ മരണസമയത്ത് ഇളക്കാമറ്റ മനസോടെ ഭക്ത്തിയോടും യോഗബലത്തോടും കൂടി ഭൂമധ്യത്തില്‍ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുമോ അവന്‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.
യാതൊന്നിനെ വേദജ്ഞാര്‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യാതികള്‍ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവര്‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷേപിച്ചു ഞാന്‍ പറഞ്ഞു തരാം.
എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോദിച്ച് മനസിനെ ഉള്ളിലൊതുക്കി തന്‍റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ടയെ പ്രാപിച്ച് 'ഓം' എന്ന എകാക്ഷര മന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് ആര് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.
ഹേ പാര്‍ത്ഥ, എന്നില്‍ തന്നെ മനസുറപ്പിച്ച് മറ്റൊന്നുമോര്‍ക്കാതെ എപ്പോഴും എന്നും ആര് എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാന്‍ സുലഭനാണ്.
എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കള്‍ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്‍മത്തെ പിന്നെ പ്രാപിക്കുന്നില്ല.
ഹേ അര്‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങള്‍ വീണ്ടും ജനിക്കാനിടനല്‍കുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാല്‍ പുനര്‍ജന്‍മം സംഭവിക്കുകയില്ല.
ബ്രഹ്മാവിന്‍റെ പകല്‍ ആയിരം യുഗത്തോളമുള്ളതാണെന്നും രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവര്‍ ആഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.
അവ്യക്തതയില്‍ നിന്നും എല്ലാ വസ്തുക്കളും ബ്രഹ്മാവിന്‍റെ പകല്‍ തുടങ്ങുമ്പോള്‍ ഉദ്ഭവിക്കുന്നു. ആ മൂല പ്രകൃതിയില്‍ തന്നെ ബ്രഹ്മാവിന്‍റെ രാത്രിയുടെ ആരംഭത്തില്‍ ലയിച്ചുചേരുകയും ചെയ്യുന്നു.
Monday, August 18, 2008
Subscribe to:
Post Comments (Atom)
1 comment:
good
c this blog too
http://vazhikaatti.blogspot.com/
Post a Comment