ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ പാര്‍ത്ഥ, എന്നില്‍ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങിനെ എന്നെ നിസംശയമായും പൂര്‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.
യാതോന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ട മറ്റോന്നും ഈ ലോകത്തില്‍ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാന്‍ പൂര്‍ണമായി നിനക്കിതാ ഉപദേശിക്കാന്‍ പോകുന്നു.
അനേകായിരം മനുഷ്യരില്‍ ഒരാളേ സിദ്ധിക്കായി ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരില്‍ത്തന്നെ ആയിരത്തിലൊരാള്‍ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.
ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്‍റെ പ്രകൃതി എട്ടായി വേര്‍തിരിഞ്ഞിരിക്കുന്നു.
മഹാബാഹോ, ഇപ്പറഞ്ഞത് അപരാപ്രകൃതിയാണ്. എന്നാല്‍ ഇതില്‍നിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്‍റെ പരാ പ്രകൃതിയെയും നീ അറിയുക.
എല്ലാ ഭൂതങ്ങളും ഇവയില്‍നിന്നുന്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങിനെ ഞാന്‍ ലോകത്തിന്‍റെ മുഴുവന്‍ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.
ഹേ ധനഞജയാ, എന്നില്‍ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടില്‍ മണികളെന്നപോലെ എന്നില്‍ കൊര്‍ക്കപ്പെട്ടിരിക്കുന്നു.
ഹേ കൌന്തെയാ, ഞാന്‍ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യന്‍മാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളില്‍ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പുരുഷവുമാകുന്നു.
ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസും ഞാന്‍ തന്നെ ആകുന്നു.
ഹേ പാര്‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും നാശമറ്റ ബീജമായി എന്നെ അറിയുക. ബുദ്ധിമാന്‍മാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസും ഞാനാകുന്നു.
ഹേ ഭാരതശ്രേഷ്ഠ, ബലവാന്‍മാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളില്‍ ധര്‍മവിരുദ്ധമല്ലാത്ത കാമവും ഞാന്‍ തന്നെ.
ഏതൊക്കെയാണോ സാത്വികഭാവങ്ങള്‍ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങള്‍ അവയെ എന്നില്‍നിന്ന് ഉദ്ഭവിച്ചവ തന്നെയെന്നറിയുക. ഞാന്‍ അവയിലല്ല എന്നാല്‍ അവ എന്നിലാണ്.
ഈ ലോകം മുഴുവന്‍ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.
എന്തുകൊണ്ടെന്നാല്‍ അമാനുഷികവും ത്രിഗുണങ്ങള്‍ ചേര്‍ന്നതും ആയ എന്‍റെ ഈ മായ കടക്കാന്‍ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവര്‍ ഈ മായയെ തരണം ചെയ്യുന്നു.
പാപികളും മൂഡന്‍മാരുമായ മനുഷ്യാധമന്‍മാര്‍ മായയാല്‍ ജ്ഞാനം നശിച്ചവരും അസുരഭാവം പൂണ്ടവരുമാകയാല്‍ എന്നെ ഭജിക്കുന്നില്ല.
ഹേ ഭരതശ്രേഷ്ഠനായ അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്‍മാര്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തനും ജ്ഞാനമാഗ്രഹിക്കുന്നവനും കാര്യലാഭം വേണ്ടവനും ജ്ഞാനം നേടിക്കഴിഞ്ഞവനും.
ആ നാലുതരം ഭക്തന്‍മാരില്‍ എപ്പോഴും യോഗനിഷ്ടനും ഭക്തിക്കൊഴിച്ച് മറ്റൊന്നിനും മനസ്സില്‍ സ്ഥാനമില്ലാത്തവനുമായ ജ്ഞാനിയാണ് വിശിഷ്ട്ടനായിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ജ്ഞാനികള്‍ക്കു ഞാന്‍ അത്യധികം പ്രിയനാണ്. അവന്‍ എനിക്കും പ്രിയനാണ്.
അവരെല്ലാവരും ഉദാരന്‍മാര്‍ തന്നെയാണ്. എന്നാല്‍ ജ്ഞാനി ആത്മസ്വരൂപന്‍ തന്നെ എന്നാണു എന്‍റെ അഭിപ്രായം. എന്തുകൊണ്ടെനാല്‍ യോഗനിഷ്ഠനായ അവന്‍ അതിശ്രേഷ്ഠമായ പ്രാപ്യസ്ഥാനമാകുന്ന എന്നെ തന്നെ ആശ്രയിച്ചവാനാണ്.
Wednesday, August 13, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment