വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു . എല്ലാം വാസുദേവന്‍ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുര്‍ല്ലഭനാണ്.
അതാതു കാമങ്ങളാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോട്കൂടിയവര്‍ അതാതു നിയമങ്ങള്‍ അനുഷ്ടിച്ചു തങ്ങളുടെ സ്വഭാവത്താല്‍ സ്വയം നിയന്ത്രിതരായി അന്യ ദേവതകളെ ഭജിക്കുന്നു.
ആരാര് ഏതേതു ദേവതാ സ്വരൂപത്തെ ഭക്തനായി ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവര്‍ക്കെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ നല്‍കുന്നു.
അവന്‍ ആ ശ്രദ്ധയോടെ ആ ദേവന്‍റെ ആരാധന നടത്തുന്നു. അതില്‍നിന്നു ഞാന്‍ തന്നെ നല്കുന്ന അതാതു കാമങ്ങള്‍ ആര്‍ജിക്കുകയും ചെയ്യുന്നു.
എന്നാല്‍ അല്‍പ്പബുദ്ധികളായ അവര്‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവാരാധകര്‍ ദേവന്‍മാരെ പ്രാപിക്കുന്നു. എന്‍റെ ഭക്തന്‍മാര്‍ എന്നെയും പ്രാപിക്കുന്നു.
എന്‍റെ അവ്യയവും അനുത്തമവും തമോഗുണസ്പര്‍ശമില്ലാത്തതുമായ സര്‍വാതീതഭാവത്തെ അറിയാതെ അവ്യക്തമായ എന്നെ വ്യക്തിത്വം പ്രാപിച്ചവനെന്നു ബുദ്ധിഹീനര്‍ വിചാരിക്കുന്നു.
യോഗമായയാല്‍ സമാവൃതനായ ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ഈ മൂഡമായ ലോകം എന്നെ ജന്മ രഹിതനും നാശമറ്റവനുമായി ധരിക്കുന്നില്ല.
ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ഭൂതങ്ങളെ ഞാനറിയുന്നു. എന്നാല്‍ ഒരുത്തരും എന്നെയാകട്ടെ അറിയുന്നില്ല.
ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇഛ, ദ്വേഷം എന്നിവയില്‍നിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താല്‍ സര്‍വഭൂതങ്ങളും സൃഷ്ടിഗതിയില്‍ മോഹം പ്രാപിക്കുന്നു.
എന്നാല്‍ പുണ്യചരിതന്‍മാരും പാപം നിശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങള്‍ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.
യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അധ്യാത്മവിദ്യയേയും അഖിലകര്‍മത്തെയും അറിയുന്നു.
അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവര്‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.
Saturday, August 16, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment