Monday, July 21, 2008

സാംഖ്യയോഗം 1

സഞ്ജയന്‍ പറഞ്ഞു: അങ്ങനെ കരുണാ കുലനും കണ്ണില്‍ കണ്ണീര്‍ നിറഞ്ഞവനും ദുക്ഖിക്കുന്നവനുമായ അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു.

ശ്രീ ഭഗവാന്‍ പറഞ്ഞു : അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും സ്വര്‍ഗം നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധി ഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?

പാര്‍ഥ, പൌരുഷ മില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രു നാശകാ, നിസ്സാരമായ ഹൃദയ ദൌര്‍ബല്യം കൈവിട്ടു നീ എഴുന്നേല്‍ക്ക്.

അര്‍ജുനന്‍ പറഞ്ഞു: അല്ലയോ ശത്രു ഘാതകാ, മധുസൂധനാ, പൂജാര്‍ഹരായ ഭീഷ്മരേയും ദ്രോനരെയും കൂരമ്പുകള്‍ കൊണ്ടു ഞാന്‍ യുദ്ധത്തില്‍ എങ്ങിനെ എതിരിടും?

മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട്‌ അര്ഥകാമസ്വരൂപങളായ ഭോഗങ്ങളെ ഇവിടെത്തന്നെ രക്തം പുരണ്ട നിലയില്‍ ഭുജിക്കണോ?

രണ്ടിലെതാണ് നമുക്കു കൂടുതല്‍ ശ്രേയസ്കരം എന്ന് അറിഞുകൂടാ. ഒന്നുകില്‍ നാം ജയിക്കും. അല്ലെങ്കില്‍ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ ആ ദൃതരാഷ്ട്ര പുത്രന്മാരാണ് മുമ്പില്‍ വന്നു നില്ക്കുന്നത്.

മനോദാര്ട്യമില്ലായ്ക കൊണ്ടു ബുദ്ധികെട്ടവനും ധര്‍മവിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീര്ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

ഭൂമിയില്‍ ശത്രുക്കളില്ലാത്ത സമ്പന്ന മായ രാജ്യവും ദേവന്മാരുടെ മേല്‍ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന യാതൊരു ശോകം എനിക്കുണ്ടോ അതിനെ നശിപ്പിക്കുന്നതൊന്നും ഞാന്‍ കാണുന്നില്ല.

സഞ്ജയന്‍ പറഞ്ഞു : ശത്രു നാശകനായ അര്‍ജുനന്‍ കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷന്നനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാന്‍ ഇങ്ങിനെ അരുളിച്ചെയ്തു.

ശ്രീ ഭഗവാന്‍ പറഞ്ഞു : ദുഖിക്കെണ്ടാതവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്‍റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്‍മാര്‍ മരിച്ചവരെ കുറിച്ചും മരിക്കാതവരെക്കുറിച്ചും അനുശോചിക്കുന്നില്ല.

ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേല്‍ നമ്മളെല്ലാവരും ഉണ്ടായിരിക്കില്ലെന്നുമില്ല.

മനുഷ്യന് ഈ ദേഹത്തില്‍ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജാരയും അങ്ങിനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരന്‍ അതില്‍ മോഹിക്കുന്നില്ല.

കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പര്‍ശങ്ങള്‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നല്‍കുന്നവയും വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങലുമാണ്. ഭാരത വംശത്തില്‍ ജനിച്ചവനെ, അവ നിര്‍വികാരനായി സഹിച്ചു കൊള്ളുക.

പുരുഷ ശ്രേഷ്ടടാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവന്‍ അമൃതത്വത്തിനു അധികാരിയായി തീരുന്നു.

ഇല്ലാത്തതിന് ഉണ്മ അറിയപ്പെടുന്നില്ല. ഉള്ളതിന് നാശവും അറിയപ്പെടുന്നില്ല. ഈ രണ്ടിന്‍റെയും യാഥാര്‍ത്ഥ്യം തത്വ ദര്‍ശികള്‍ ദര്ശിച്ചിട്ടുണ്ട്.

ഏതൊന്നിനാല്‍ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ, അത് നാശരഹിതം എന്നറിയുക. അനശ്വരമായ അതിന് വിനാശമുണ്ടാക്കാന്‍ ആര്ക്കും കഴിയുകയില്ല.

നിത്യനും അവിനാശിയും ഇന്നപോലുള്ളവനെന്നു പരിഛെദിച്ച് പറയാന്‍ കഴിയാത്തവനുമായ ആത്മാവിനുള്ള ഈ ദേഹങ്ങളാണ് നാശമുള്ളവയെന്നു പറയപ്പെടുന്നത്‌. അതുകൊണ്ട് അര്‍ജുനാ, നീ യുദ്ധം ചെയ്യുക.

















No comments: